കാസർകോട്: 18 വർഷം മുമ്ബ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.after 18 years skull of safiya handed over to her parents
കരാറുകാരനായിരുന്ന കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകള്‍ സഫിയ.
കുടകിലെ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളില്‍ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരൻ ഹംസയുടെ വീട്ടിലെ ജോലിക്കിടയില്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തില്‍ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാൻ പെണ്‍കുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കുട്ടിയെ അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റില്‍ പ്രതി കുഴിച്ചിടുകയായിരുന്നു. 2006 ഡിസംബറില്‍ ആയിരുന്നു കൊലപാതകം. 2008 ജൂണ്‍ അഞ്ചിനാണ് തലയോട്ടിയും കുറച്ച് അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. ഇത് കാസർകോട് ജില്ലാ സെഷൻസ് കോടതിയില്‍ സൂക്ഷിച്ചിക്കുകയായിരുന്നു.
തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തില്‍ എത്തിച്ച്‌ശുദ്ധികർമ്മവും മയ്യത്ത് നിസ്ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.
വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകർമ്മങ്ങള്‍ പൂർത്തിയാക്കാൻ മാതാപിതാക്കള്‍ ജില്ലാകോടതിയില്‍ ഹർജി നല്‍കിയത്.