Saturday, January 25, 2025
spot_imgspot_img
HomeNewsഎഴുപത്തിയഞ്ചാം വയസ്സില്‍ വക്കീല്‍ കുപ്പായമണിയാൻ ഒരുങ്ങി ഭാസ്‌ക്കരന്‍ നാട്ടിലെ താരമായി; കുസാറ്റിൽ നിന്നും ഫസ്റ്റ് ക്ലാസിൽ നിയമബിരുദം!

എഴുപത്തിയഞ്ചാം വയസ്സില്‍ വക്കീല്‍ കുപ്പായമണിയാൻ ഒരുങ്ങി ഭാസ്‌ക്കരന്‍ നാട്ടിലെ താരമായി; കുസാറ്റിൽ നിന്നും ഫസ്റ്റ് ക്ലാസിൽ നിയമബിരുദം!

പയ്യന്നൂര്‍: സപ്തതി കഴിഞ്ഞിട്ടും കഠിനാധ്വാനത്തിന്റെ വഴി വിട്ടൊഴിയാൻ ഭാസ്ക്കരൻ തയ്യാറല്ല!.കുസാറ്റില്‍ നിന്നും ഒന്നാം ക്ലാസോടെ നിയമ പഠനം പൂര്‍ത്തിയാക്കി എഴുപത്തിയഞ്ചാം വയസ്സില്‍ വക്കീല്‍ കുപ്പായമണിയാന്‍ ഒരുങ്ങുന്ന രാമന്തളി വടക്കുമ്പാട്ടെ മുട്ടില്‍ ഭാസ്‌ക്കരന്‍ പുതുതലമുറക്ക് മുമ്പിൽ നാട്ടിലാകെ തരംഗമായി മാറി. ഔദ്യോഗിക ജീവിതത്തിലുടനീളം വേറിട്ട വഴികള്‍ തിരഞ്ഞെടുത്ത ഭാസ്‌കരന്‍ വ്യോമസേനാംഗം, ബാങ്ക് ജീവനക്കാരന്‍, പ്രവാസി, അധ്യാപകന്‍ എന്നീ നിലയില്‍ തിളങ്ങിയ ശേഷമാണ് ഹൈക്കോടതിയില്‍ വക്കീല്‍ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്.

ജീവിത വഴിയിലുടനീളം വ്യത്യസ്ത ജോലി സാധ്യതകള്‍ തേടുകയും വിവിധ വിഷയങ്ങളില്‍ പഠനം നടത്തിയുമാണ് ഭാസ്‌ക്കരന്‍ മന്നേറിയത്. പയ്യന്നൂര്‍ കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരനാണ് ഭാസ്‌കരന്‍. പതിനെട്ടാമത്തെ വയസ്സില്‍ ഇന്ത്യന്‍ വ്യോമസേനയിലെത്തി. ജോലിക്കിടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. എട്ടരവര്‍ഷം വ്യോമസേനയില്‍. ശേഷം ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോയില്‍നിന്ന് ലേബര്‍ ലോയില്‍ ഡിപ്ളോമ നേടി.

സിന്‍ഡിക്കേറ്റ് ബാങ്കില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് 10 വര്‍ഷം പ്രവാസം. തിരിച്ചെത്തി തലശ്ശേരി ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പൂര്‍ത്തിയാക്കി. രണ്ടുവര്‍ഷത്തോളം രാമന്തളി, എട്ടിക്കുളം ഗവ. ഹൈസ്‌കൂളുകളില്‍ താത്കാലിക അധ്യാപകനായി. 1992 മുതല്‍ 2012 വരെ വീണ്ടും പ്രവാസം തുടര്‍ന്നു.

ഭാസ്‌ക്കരന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു അഭിഭാഷകവൃത്തി. 2021-ല്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ റെഗുലര്‍ ഈവനിങ് എല്‍എല്‍.ബി. കോഴ്സില്‍ 73-ാമത്തെ വയസ്സില്‍ പ്രവേശനം നേടി.

ഭാസ്‌കരന്റെ പഠനത്തിന് പിന്തുണമായി ഭാര്യ ലളിതയും രാജഗിരി കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ അസി. പ്രൊഫസറായ മകള്‍ പ്രീതിയും എറണാകുളത്തെ കാക്കനാട്ടുള്ള വീട്ടില്‍ ഒപ്പമുണ്ട്.മകൻ പ്രവീൺ വിദേശത്താണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments