തിരുവനന്തപുരം: ബലാത്സംഗക്കേസിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതോടെ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ സുപ്രീംകോടതിയുടെ നടപടിയില്‍ പലവിധത്തിലുമുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.Actor Siddique gets interim relief as Supreme Court stops his arrest
ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രിം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്.
ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം. പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.
ഇതില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പ്രഹസനം മാത്രമായിരുന്നു എന്ന വിമര്‍ശനവും വ്യാപകമായിരുന്നു.
അതേസമയം സിദ്ദിഖ് ഉടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകന്‍ ബി രാമന്‍ പിള്ള അറിയിച്ചു. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം എസ്ഐടിക്ക് മുൻപാകെയാകും ഹാജരാവുകയെന്നാണ് വിവരം.
രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സിദ്ധിഖിന് എതിരെ സുപ്രീം കോടതിയില്‍ പരാതിക്കാരിയുടെ അഭിഭാഷക ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങള്‍. ഈ കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അര്‍ഥത്തില്‍ കാണണമെന്നും പരാതിക്കാരിയുടെ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു.
കേസിലെ സാഹചര്യം പൂര്‍ണമായും വിശദീകരിക്കാന്‍ കഴിയുമെന്നും അവര്‍ ബോധിപ്പിച്ചു. ”സിദ്ദിഖ് ഉപയോഗിച്ച ഭാഷ നോക്കു. അയാളുടെ പെരുമാറ്റം നോക്കു. ഫെയ്‌സ്ബുക്കിലെ പടങ്ങള്‍ക്ക് ലൈക്ക് ചെയ്ത് സിദ്ദിഖ് പരാതിക്കാരിയെ സമീപിക്കുമ്ബോള്‍ അവര്‍ക്ക് 19 വയസ്സു മാത്രമായിരുന്നു പ്രായം.
ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത് എന്താണെന്ന കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്” വമ്ബന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇതാണ് അവസ്ഥയെന്നും പരാതിക്കാരിക്കു വേണ്ടി ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അര്‍ഥത്തില്‍ അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകള്‍ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്. 19 വയസ്സുള്ളപ്പോഴാണു പരാതിക്കാരിക്ക് സിദ്ദിഖില്‍ നിന്നു മോശം പെരുമാറ്റമുണ്ടായതെന്നും അഭിഭാഷക പറഞ്ഞു.
സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ താര നടനാണെന്നും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസവും പരാതിക്കാരിയുടെ അഭിഭാഷകയും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയും ശ്രദ്ധയില്‍ പെടുത്തി.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.
ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയത്. പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലാലോയെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്. പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല.
സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.