കൊച്ചി:മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്.Actor Bala granted bail with conditions
തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു.
കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.
കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ബാല നീതി നിയമപ്രകാരവും ബാലയ്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.
കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുൻ ഭാര്യയും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്.