ബിക്കാനിര്‍ (രാജസ്ഥാന്‍): എട്ടുതവണ നിയന്ത്രണംവിട്ട് മലക്കംമറിഞ്ഞ എസ്.യു.വിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
അമിതവേഗതയിലായിരുന്ന കാർ റോഡിലെ വളവിൽ വച്ച് നിയന്ത്രണം വിട്ടതോടെയാണ് എട്ടു തവണ മറിഞ്ഞത്. ശേഷം സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായി വീഴുകയായിരുന്നു. എന്നാല്‍, തകര്‍ന്ന് തരിപ്പണമായി തലകീഴായി കിടന്ന കാറില്‍നിന്ന് അഞ്ച് യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാര്‍ മലക്കംമറിയുന്നതിനിടെ തന്നെ ഡ്രൈവര്‍ ഡോറിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി. മറ്റ് നാലുപേരും കാര്‍ ഇടിച്ചുനിന്ന ശേഷമാണ് പുറത്തിറങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഷോറൂമിന്റെ ഗേറ്റ് ഭാഗീകമായി തകര്‍ന്നു.
വാഹനം തലകീഴായി മറിഞ്ഞുവെങ്കിലും ആരുടെയും സഹായമില്ലാതെ തന്നെയാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. എന്നാല്‍, ആശുപത്രിയിലേക്ക് പോകുന്നതിന് പകരം അവര്‍ നേരെ കാര്‍ ഷോറൂമിന്റെ ഉള്ളിലേക്കാണ് പോയത്. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ കടയില്‍ കയറിവന്ന്, ചായ തരാമോ, എന്നാണ് അവര്‍ ചോദിച്ചതെന്ന് ഷോറൂമിലുള്ളവര്‍ പറയുന്നു.