കോഴിക്കോട്: സ്‌കൂട്ടറില്‍ ബന്ധുവിനൊപ്പം സഞ്ചരിക്കവേ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്.
ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ബൈക്കില്‍ ബന്ധുവിനൊപ്പം സഞ്ചരിക്കവെ കണ്ണിപൊയില്‍ റോഡിലെത്തിയപ്പോള്‍ പുറകിലെ ടയര്‍ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്.അതേസമയം ബൈക്ക് ഓടിച്ചിരുന്ന ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ അത്തോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.