കീവ്: യുക്രെയ്ൻ സേനാ മേധാവി ജനറല്‍ വലേറി സലൂഷ്നിയുടെ വിശ്വസ്തനായ സഹായി മേജര്‍ ഹെന്നഡി ചാസ്റ്റിയാക്കോവ് (39) ജന്മദിനത്തില്‍ സമ്മാനമായി ലഭിച്ച ഗ്രനേഡ് പൊട്ടി മരിച്ചു. ഇദ്ദേഹത്തിന്‍റെ പതിമൂന്നു വയസുള്ള മകനു ഗുരുതരമായി പരിക്കേറ്റു.
കീവ് നഗരത്തിന്‍റെ പടിഞ്ഞാറൻ പ്രാന്തത്തില്‍ ഹെന്നഡി ചാസ്റ്റിയാക്കോവിന്‍റെ ഫ്ലാറ്റിലാണു പൊട്ടിത്തെറി ഉണ്ടായത്. ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തായ കേണല്‍ ആണു ഗ്രനേഡ് സമ്മാനിച്ചത്.
ഗ്രനേഡ് അടക്കമുള്ള സമ്മാനവസ്തുക്കള്‍ അടങ്ങിയ ബാഗ് മകനും അച്ഛനും നിരുത്തവാദപരമായി കൈകാര്യം ചെയ്തതാണു സ്ഫോടനത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. പോലീസ് ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ഗ്രനേഡുകള്‍കൂടി കണ്ടെടുത്തു.