ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്.
ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. മുറിയിൽ എലി വിഷം വച്ച് എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം.
ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടില്‍ വലിയതോതിലുള്ള എലിശല്യം മൂലം കീടനാശിനി കമ്ബനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്ബനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. തുടർന്ന് വീട്ടില്‍ രാത്രിയില്‍ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികള്‍ മരിച്ചതോടെ കമ്ബനി ഉടമ ഒളിവിലെന്നാണ് സൂചന.