കറുകച്ചാല്‍ : കറുകച്ചാലിൽ ചട്ടിയും തവിയും എന്ന ഹോട്ടൽ നടത്തിയിരുന്ന ഉടമയായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എറവുംങ്കര ഭാഗത്ത് നയനം വീട്ടിൽ റെജി എന്ന് വിളിക്കുന്ന രഞ്ജിത്ത് കുമാർ (43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 2 arrested in karukachal
ഈ മാസം 15 ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും, തവിയും എന്ന ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമയെ ജീവനക്കാരനായ ജോസ് കെ തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ച് ഉടമ മരണപ്പെടുകയുമായിരുന്നു.ഇതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനായ ജോസ് കെ തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും, ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.
സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേർന്ന് ഹോട്ടൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസ് കെ തോമസുമായി സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഹോട്ടൽ ഉടമയ്ക്കും, സോണിയക്കും ഇടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും, പിന്നീട് രഞ്ജിത്ത് കുമാറും ,സോണിയയും ചേര്‍ന്ന് ഉടമയെ ആക്രമിക്കുന്നതിന് പ്രേരണ നല്‍കിയതായും കണ്ടെത്തുകയായീരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോണിയയ്ക്ക് ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.